തെയ്യത്തിന്റെ ചെറിയ രൂപമാണ് വെള്ളാട്ടം. ശരിയായ തെയ്യമായി ആട്ടക്കളത്തിലിറങ്ങും മുമ്പ്, ആട്ടക്കാരന്‍ അധികമായ ആടയാഭരണങ്ങളൊന്നുമില്ലാതെ ആടക്കളത്തിലിറങ്ങി ചെണ്ടകൊട്ടി തോറ്റം പാടുപാടുന്ന ഒരു ചടങ്ങാണിത്. എല്ലാ തെയ്യങ്ങള്‍ക്കും വെള്ളാട്ടമുണ്ടാകാറില്ല. തോറ്റം, വെള്ളാട്ടം, തെയ്യം എന്നൊരു ക്രമം മിക്കതെയ്യങ്ങള്‍ക്കും ഉണ്ട്. ചിലതതിനാവട്ടെ തോറ്റം ,തെയ്യം എന്നീരണ്ടു രീതികള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. അപൂര്‍വ്വം ചില തെയ്യങ്ങള്‍ക്കു മാത്രമെ തോറ്റം , വെള്ളാട്ടം ,തെയ്യം എന്നീ മൂന്ന് അംശങ്ങള്‍ കാണൂ അതില്‍ പ്രധാനപ്പെട്ട തെയ്യങ്ങളാണ് വയനാട്ടുകുലവനും പരദേവത(വിഷ്‍ണുമൂര്‍ത്തി)യും. വെള്ളാട്ടത്തയും ഒരു തെയ്യമായിതന്നെ കണക്കാക്കാവുന്നതാണ്. പ്രധാന വ്യത്യാസം വരുന്നത് തെയ്യത്തിന്റെ മുടിയിലാണ്. വെള്ളാട്ടത്തിന് ഒരിക്കലും തിരുമുടിയണ്ടാവില്ല. പേരിന് ചെറിയൊരു മുടി മാത്രം. വെള്ളാട്ടം തെയ്യരൂപമായി വരുമ്പോഴാണ് തിരുമുടി ധരിക്കുന്നത്. തെയ്യം എന്ന സങ്കല്പം പൂര്‍ണ്ണത കൈവരിക്കുന്നത് തിരുമുടി ധരിക്കുന്നതോടു കൂടിയാണ്. തെയ്യം ഉറഞ്ഞാടലും ഉരിയാട്ടവും എല്ലാം നടത്തുന്നത് തിരുമുടി ധരിക്കുന്നതോടെയാണ്.
മുത്തപ്പന്‍ തെയ്യത്തിന്റെ വെള്ളാട്ടമാണ് പൊതുവേ ഭവനങ്ങളില്‍ കഴിച്ചുവരുന്നത്. തിരുവപ്പനയെന്നും വെള്ളാട്ടമെന്നും മുത്തപ്പനു രണ്ടുഭാവമുണ്ട്. പറശ്ശിനിക്കടവുമഠപ്പുരയില്‍ എന്നും അതിരാവിലെ തിരുവപ്പനയും വെള്ളാട്ടവും ഒരുമിച്ചുണ്ടാവാറുണ്ട്. പൊയ്‍ക്കണ്ണണിഞ്ഞു നടക്കുന്ന ശിവരൂപമായ തിരുവപ്പനയ്‍ക്ക്‍ സഹായിയായെത്തിയ മഹാവിഷ്‍ണുവത്രേ വെള്ളാട്ടം.
പരദേവത വിഷ്‍ണുമൂര്‍ത്തിയാണ്. നാളെ രാവിലെയാണുതെയ്യമെങ്കില്‍ ഇന്നുരാത്രിതന്നെ പരദേവതയുടെ വെള്ളാട്ടമുണ്ടാവും. വെള്ളാട്ടം കെട്ടിയ ആളെത്തന്നെയായിരിക്കും പിന്നീട് തെയ്യം കെട്ടുന്നതും. വെള്ളാട്ടം അധികവും രാത്രികാലത്താണുണ്ടാവുക.